കേരളത്തിലെ ചരിത്രകാരികൾ

Sub title
സി എസ് ചന്ദ്രിക

കേരളത്തിലെ പ്രശസ്ത എഴുത്തുകാരിയും ഫെമിനിസ്റ്റ് ബുദ്ധിജീവിയും സാമൂഹ്യ പ്രവർത്തകയും ആണ് സി. എസ് ചന്ദ്രിക. കേരളത്തിന്റെ ലിംഗപദവി - സമൂഹ പഠനത്തിന്റെ  വിശാല മേഖലയിൽ കാര്യമായ ഇടപെടലുകൾ നടത്തിയ സി. എസ്. ചന്ദ്രിക എന്ന ചരിത്ര എഴുത്തുകാരിയുടെ പ്രാധാന്യം വലുതാണ്. സുസ്ഥിര കാർഷിക ഗ്രാമ വികസനത്തിനുള്ള ലിംഗപദവി സിദ്ധാന്തങ്ങളുടെ പഠന പ്രയോഗത്തിലാണ് സി. എസ്. ചന്ദ്രിക പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുള്ളത്. "ദി ഹിസ്റ്ററി ഓഫ് വുമൺ മൂവ്മെന്റ് ഇൻ കേരള" എന്ന ചന്ദ്രികയുടെ ബുക്ക് കേരളത്തിലെ സ്ത്രീകളുടെ വിമോചനത്തിന് വ്യക്തികളും സ്ഥാപനങ്ങളും എത്രത്തോളം സഹായിച്ചിട്ടുണ്ട് എന്ന് വിലയിരുത്തുന്നു. പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സ്റ്റിറ്റി അധ്യാപിക ആയിരുന്ന അവർ കേരളത്തിലെ 'സഖി' സ്ഥാപനവുമായി ചേർന്ന് ലിംഗഭേദവും വികസനവും എന്നീ മേഖലയിൽ വളരെയധികം പഠന പ്രവർത്തങ്ങൾ നടത്തിയിട്ടുണ്ട്. സ്ത്രീ പഠനത്തിലും മലയാളം ഭാഷാ സാഹിത്യത്തിലും രണ്ടു ബിരുദാനന്തര ബിരുദങ്ങൾ നേടിയിട്ടുള്ള സി എസ് ചന്ദ്രിക കേരളത്തിലെ മുഖ്യധാരാ സ്ത്രീ മുന്നേറ്റങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഫെമിനിസ്റ്റ് ചിന്താധാരകളിലെ പ്രാവർത്തികമായ സാമൂഹിക ഇടപെടൽ ആണ് ചന്ദ്രികയ്ക്ക് കേരളത്തിലെ സ്ത്രീ -ചരിത്ര- സാഹിത്യ  എഴുത്തുകാരികളിൽ പ്രമുഖ സ്ഥാനം നേടിക്കൊടുത്തത്. 

1998  കാലഘട്ടം മുതൽ കേരളത്തിലെ ഫെമിനിസ്റ്റ് - മനുഷ്യാവകാശ പ്രസ്ഥാനങ്ങൾക്കൊപ്പം  സി. എസ്. ചന്ദ്രിക തുടർച്ചയായി പ്രവർത്തിച്ചു വരുന്നു. കേരളത്തിലെ സ്ത്രീ സംഘടിതമായ , ഗവേഷണ- വ്യവഹാര- നയ അഭിഭാഷണങ്ങളിൽ ഇരുപതോളം വർഷത്തെ പ്രവർത്തന പരിചയം ഉള്ള വ്യക്തിത്വം ആണ് സി. എസ്. ചന്ദ്രികയുടേത്. 1997 കാലഘട്ടം മുതൽ കേരളത്തിലെ ആദിവാസികളുടെ ഭൂ അവകാശങ്ങളിലും വികസന പ്രശ്നങ്ങളിലും നിരന്തരമായ ഇടപെടലുകൾ നടത്തി വരുന്നു. ഗവേഷണ പഠനങ്ങൾ, നോവലുകൾ, ചെറുകഥകൾ, അക്കാഡമിക് രചനകൾ എന്നിവ അവരുടേതായി പ്രസിദ്ധീകരിക്കപെട്ടിട്ടുണ്ട്. 1997 കേരളം സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, 2010 ൽ മുതുകുളം പാർവതി അമ്മ അവാർഡ്, 2012 ൽ തോപ്പിൽ രവി ഫൌണ്ടേഷൻ ലിറ്റററി അവാർഡ് എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. നിലവിൽ എം. എസ്. സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേഷൻറെ  കമ്മ്യൂണിറ്റി അഗ്രോ ബയോ ഡൈവേഴ്സിറ്റി സെന്ററിൽ പ്രിൻസിപ്പൽ സയന്റിസ്റ്റ് ആണ് സി. എസ്. ചന്ദ്രിക.