പി.കെ. കുഞ്ഞാക്കമ്മ

കണ്ണൂർ ജില്ലയിൽ പയ്യന്നൂരിനടുത്ത് വെള്ളൂർ ഗ്രാമത്തിൽ പെരിയാനിയൽ കുന്നോത്ത് വീട്ടിൽ 1881-ൽ പി.കെ. കുഞ്ഞാക്കമ്മ ജനിച്ചു. കർഷക സംഘത്തിൽ ചേർന്നു കൊണ്ട് കർഷകപ്രസ്ഥാനത്തിൽ പ്രവർത്തിച്ച ധീരവനിതയാണിവർ. 1942-43ൽ ഇവർ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. 

കർഷക പ്രസ്ഥാനത്തെ വെറുക്കുകയും കർഷകരെ ദ്രോഹിക്കുകയും ചെയ്ത കണ്ടക്കെ അധികാരിയുടെ ബന്ധുവായിരുന്നു കുഞ്ഞാക്കമ്മ. കേരളത്തിലെ കർഷകപ്രസ്ഥാനചരിത്രത്തിൽ ഐതിഹാസികമാനം കൈകൊണ്ട് സമരമായിരുന്നു കണ്ടക്കെ പുല്ലുപറി സമരം. 1946-ലാണ് ഇത് സംഭവിക്കുന്നത്. ഉത്തരകേരളത്തിൽ 1934-ലാണ് ട്രേഡ് യൂണിയൻ പ്രസ്ഥാനം ആരംഭിക്കുന്നത്. 1935-ൽ കർഷകർ ഒത്തുചേർന്ന് കർഷക സംഘം രൂപീകരിച്ചു. കണ്ടക്കെ, കയറളം, മയ്യിൽ എന്നിവയായിരുന്നു ഉത്തരമലബാറിലെ കർഷകപ്രസ്ഥാനത്തിന്റെ കേന്ദ്രങ്ങളായി വർത്തിച്ച സ്ഥലങ്ങൾ. ഈ പ്രദേശങ്ങൾ സ്വാതന്ത്യ സമര പ്രസ്ഥാനത്തിന് ആവോളം സംഭാവന ചെയ്തവയായിരുന്നു.

കണ്ടക്കെ അധികാരിയായിരുന്നു ഈ പ്രദേശത്തിന്റെ ജന്മി. ഇയാൾ കുടിയാന്മാരെ ദ്രോഹിക്കുകമാത്രമല്ല, വെറും പാട്ടക്കാരെ ബലാൽക്കാരമായി കുടിയിറക്കുകയും ചെയ്തു. കർഷകർ സംഘടിതരല്ലാത്തതിനാൽ കുടിയിറക്കാൻ ജന്മികൾക്ക് യാതൊരു പ്രയാസവും ഉണ്ടായിരുന്നില്ല. എന്നാൽ 1945-46ഓടുകൂടി കർഷകർ, സ്ത്രീയും പുരുഷനും, കർഷക സംഘത്തിന്റെ കീഴിൽ പ്രവർത്തിച്ചുതുടങ്ങി. കർഷകസംഘം അധികാരിയുടെ ദുഷ്ചെയ്തികൾ ചോദ്യം ചെയ്തു തുടങ്ങിയപ്പോൾ, കുടിയാന്മാരെ ദ്രോഹിക്കുന്നത് അത്രതന്നെ എളുപ്പമല്ല എന്നു മനസ്സിലാക്കിയ കണ്ടക്കെ അധികാരി, കർഷകർ അനുവാദം കൂടാതെ കുടിലുകൾ കെട്ടാൻ പുല്ലു പറിക്കുന്നു എന്നുപറഞ്ഞുകൊണ്ട് അവർക്കെതിരെ കേസ് കൊടുത്തു. എം.എസ്.പിയും പോലീസും വന്ന് ആ പ്രദേശത്തെ കർഷകരെ അടിച്ചമർത്തി. ഗ്രാമത്തിലെ പുരുഷന്മാരെ തല്ലിച്ചതയ്ക്കുക മാത്രമല്ല വീടുകളിൽ കയറി എല്ലാ പാത്രങ്ങളും തച്ചുടയ്ക്കുകയും ചെയ്തു. ഭയംകൊണ്ട് ആരും പുറത്തിറങ്ങിയില്ല. ആ സമയത്ത് സ്ത്രീകൾ കുഞ്ഞാക്കമ്മയുടെ നേതൃത്വത്തിൽ ജാഥയായി ജന്മിയുടെ വീട്ടിലേയ്ക്ക് ചെന്നു. പോലീസ് തല്ലിത്തകർത്ത എല്ലാ പാത്രങ്ങളും ഒന്നായി അവർ അധികാരിയുടെ വീട്ടിന്റെ മുറ്റത്ത് നിക്ഷേപിച്ചു. കോപിഷ്ഠനായ അധികാരി കുഞ്ഞാക്കമ്മയെ തല്ലിച്ചതയ്ക്കുകയും അവരുടെയും മറ്റ് പതിനഞ്ച് പുരുഷന്മാരുടെയും പേരിൽ ഭവനഭേദനത്തിനും മറ്റും കേസ് കൊടുക്കുകയും ചെയ്തു. പോലീസ് അവരെ അറസ്റ്റ് ചെയ്തു. ഉത്തര മലബാർ കർഷക പ്രസ്ഥാനചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് ഈ സംഭവം.

1947 ഫെബ്രുവരി മാസമാണ് കുഞ്ഞാക്കമ്മയെ അറസ്റ്റ് ചെയ്യുന്നത്. ജയിലിലേക്ക് കൊണ്ടുപോകുമ്പോൾ ഉടുത്തിരുന്നതൊഴികെ രണ്ടാമതൊരു വസ്ത്രമെടുക്കാൻപോലും പോലീസ് അനുവദിച്ചില്ല. ഏപ്രിൽ 5 വരെ അവരെ തടവിൽ പാർപ്പിച്ചു. ആ സമയത്തിനുള്ളിൽ അവർ ഏറെ പീഡനങ്ങൾ അനുഭവിക്കുകയുണ്ടായി. ജയിലിൽ നിന്നും പുറത്തുവന്ന കുഞ്ഞാക്കയെ സ്വന്തമായൊരു വീടില്ലാത്തതിനാൽ പല സഖാക്കളുടെയും വീടുകളിലാണ് താമസിച്ചിരുന്നത്. എന്നാലിവർ ഈ സന്ദർഭം ഉപയോഗിച്ച് ചെല്ലുന്നേടങ്ങളിലെല്ലാം സ്ത്രീകളെ സംഘടിപ്പിച്ചു. അവരുടെ വ്യക്തിത്വവും സ്ത്രീകളെ സ്വാധീനിക്കാനുള്ള കഴിവും ആ പ്രദേശങ്ങ ളിലെ സ്ത്രീകളുടെ സംഘടിത പ്രവർത്തനം മുന്നേറാൻ സഹായകമായി. ഇവരുടെ പിൻബലം എം.എസ്.പി യുടെ നെടുങ്കൻ തോക്കുകളെപ്പോലും നേരിടാൻ ഈ പ്രദേശത്തെ കർഷക സ്ത്രീകളെ പ്രാപ്തരാക്കി. “നിങ്ങൾക്ക് വേണമെങ്കിൽ ഞങ്ങളെ കൊല്ലാം. പക്ഷെ, ഞങ്ങളുടെ വിയർപ്പൊഴുക്കിയ ഈ പാടം ഞങ്ങൾ കൊയ്യുകതന്നെ ചെയ്യും.”. സ്ത്രീകളുടെ സംഘടിത ശക്തിക്കെതിരെ നിർവീര്യരായിത്തീർന്ന എം.എസ്.പിക്കാർ മിണ്ടാതെ പിൻവാങ്ങി.

ആദ്യത്തെ നിയമസഭ ഇലക്ഷനിൽ ഇവർ എ.കെ.ജിയോടൊപ്പം പ്രചാരണത്തിനിറങ്ങുകയും പല വേദികളിലും തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തുകൊണ്ട് സ്ത്രീകളുടെ വിശ്വാസം നേടിയെടുത്തു. ജീവിതകാലം മുഴുവൻ ഇവർ കർഷകസ്ത്രീകളോടൊപ്പം ഉണ്ടായിരുന്നു. 1961ൽ തന്റെ എഴുപത്തിരണ്ടാമത്തെ വയസ്സിൽ വെള്ളൂരിൽ വെച്ച് നിര്യാതയായി. 

(പഞ്ചായത്ത് വികസനരേഖയിൽ നിന്ന്)
 

Category

References

ജനകീയ സമരങ്ങളിൽ മലബാറിന്റെ പെൺപാതകൾ..  ടി കെ ആനന്ദി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, 2006