പ്രസ്ഥാനങ്ങൾ : ആമുഖം

Sub title
സ്ത്രീകളും പ്രസ്ഥാനങ്ങളും

Category

References

ആമുഖം:


പത്തൊൻപതാം നൂറ്റാണ്ടിൽ നിന്നും മാറിയ കേരളത്തിന് അതിന്റെ കടപ്പാട് നവോഥാന കാലഘട്ടങ്ങളോടാണ്.  ജാതി-ജന്മി-നാടുവാഴിത്തത്തിൽ നിന്നും കൊളോണിയൽ ആധിപത്യത്തിൽ നിന്നും സമരമുഖങ്ങളിലൂടെ കേരളം നേടിയെടുത്ത പുതിയ സമൂഹത്തിൽ എല്ലാ വർഗ്ഗത്തിലും ജാതിയിലും  മതത്തിലും പെട്ടവർക്ക് മാറ്റങ്ങൾ ഉണ്ടായി.  കേരള നവോഥാനം വ്യത്യസ്തമാകുന്നതും  മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യതിരിക്തമാകുന്നതും അത് കൊണ്ടാണ്. സമഗ്രമായി എല്ലാ ജനവിഭാഗങ്ങളെയും തൊട്ടുണർത്തിക്കൊണ്ടാണ് കേരളം ഇരുപതാം നൂറ്റാണ്ടിലേക്കു കടന്നത്.  ഭൂപരിഷ്കരണത്തിലൂടെയും വിദ്യാഭ്യാസ പരിഷ്കാരത്തിലൂടെയും ജാതിമതങ്ങൾക്കു അതീതമായി കേരളത്തെ വളരുവാനും വികസിക്കുവാനും സഹായിച്ചത്  ഈ സമരമുഖങ്ങളും അവ നേടിത്തന്ന അവകാശങ്ങളുമായിരുന്നു . ഈ സമരങ്ങളിലും മാറ്റങ്ങളിലും സ്ത്രീകളുടെ ശബ്ദങ്ങളും പ്രവർത്തികളും ഏറെ നടന്ന സമൂഹമാണ് കേരളം. പക്ഷെ  കേരള ചരിത്രത്തിൽ സ്ത്രീകൾ ഇടം പിടിക്കുമ്പോഴും കേരളചരിത്ര രചനയിൽ സ്ത്രീകൾ ഇടം പിടിക്കുന്നില്ല. 

ഒരു സമൂഹം മാറുമ്പോൾ  അതിന്റെ നല്ല ഒരു പാതി ചരിത്ര രചനയിൽ  ഇടം പിടിച്ചില്ലെങ്കിൽ, എഴുതപെട്ട ചരിത്രം പക്ഷപാതപരമാണ് എന്നു പറയേണ്ടിവരും. കേരള ചരിത്ര രചനയിൽ  സ്ത്രീകൾ അദൃശ്യരാണ്. അതിനു കാരണങ്ങൾ പലതാണ്. ചരിത്രത്തിന്റെ പരമ്പരാഗതമായ രീതിശാസ്ത്രത്തിന് സ്ത്രീകളെ ദൃശ്യവൽക്കരിക്കാനുള്ള ഉപാധികൾ ഇല്ല. വളരെ സൗകര്യപൂർവം  പാർശ്വവൽക്കരിക്കാൻ കഴിയുന്നതു കൊണ്ട് അത് തന്നെ സംഭവിക്കുന്നു.  സ്ത്രീകളുടെ ആത്മകഥകളും ഡയറികളും വളരെ കുറവാണ്. നമ്മുടെ നിയമസഭകളിൽ സ്ത്രീകളുടെ എണ്ണം കുറവായതിനാൽ അവിടെ നിന്നും  കിട്ടാവുന്ന വിവരങ്ങൾ കുറവാണ്. ഇത്തരത്തിലുള്ള സാമ്പ്രദായിക രീതികളിൽ നിന്നും മാറി വാമൊഴി ചരിത്രം, അനുഭവ സാക്ഷ്യം  പോലെയുള്ള പുതിയ രീതികൾ ഇന്ന് അവലംബിച്ച് വരുന്നുണ്ട്. അവരെ ദൃശ്യവൽക്കരിക്കുന്നതിനുള്ള ശ്രമങ്ങൾ  പല രംഗങ്ങളിൽ നിന്നും ഉണ്ടായി വരുന്നുണ്ട്. എഴുത്തുകളിലൂടെ, അക്കാദമിക രംഗങ്ങളിലൂടെ, ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെ ഒക്കെ തന്നെ ഇതിനുള്ള ശ്രമങ്ങൾ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി  നടന്നു വരുന്നുണ്ട്  എങ്കിലും, സമഗ്രമായി  ഇവ ഒരു ഇടം ഇതുവരെയും കണ്ടെത്തിയിട്ടില്ല എന്നതാണ് വാസ്തവം . ലഭ്യമാകുന്ന ലേഖനങ്ങളും, അക്കാദമിക വ്യായാമങ്ങളും മറ്റു മാധ്യമ രൂപങ്ങളും ഒന്നിച്ച് കൊണ്ട് വരാനുള്ള ശ്രമം ഈ  വിഭാഗത്തിൽ കാണാമെങ്കിലും, അത് പൂർണമാകില്ല.  അത് പൂർണമാക്കേണ്ടത് സമൂഹമാണ്, സമൂഹത്തിലെ സ്ത്രീകളും പുരുഷന്മാരും ട്രാൻസ്‍ജെൻഡർ ജനങ്ങളുമായ വായനക്കാരാണ്.