യശോദ ടീച്ചർ

യശോദ ടീച്ചർ

ബ്രിട്ടീഷ് ഭരണകാലത്ത് ഉത്തര മലബാർ മദ്രാസ് പ്രസിഡൻസിയിൽപ്പെട്ട പ്രദേശമായിരുന്നു. മദ്രാസ് പ്രസിഡൻസിയിൽ 26 ജില്ലകളുണ്ടായിരുന്നു. ഇതിൽ ചിറക്കൽ താലൂക്കിലാണ് (ഇപ്പോൾ കണ്ണൂർ ജില്ല) യശോദ ടീച്ചറുടെ സ്വദേശം. അമ്മ ജാനകി. അച്ഛൻ ധർമ്മടത്തു പയ്യനാടൻ ഗോവിന്ദൻ. ടീച്ചറുടെ മുത്തശ്ശൻ ഒരു പോലീസുദ്യോഗസ്ഥനായിരുന്നു. കുടുംബം മരുമക്കത്തായ സമ്പ്രദായമായിരുന്നു പിൻതുടർന്നിരുന്നത്. ഇവരുടെ അമ്മയ്ക്ക് ഒൻപത് ആങ്ങളമാരുണ്ടായിരുന്നു.

കൊച്ചി, തിരുവിതാംകൂർ എന്നീ തെക്കൻ പ്രദേശങ്ങളെ അപേക്ഷിച്ച് ബ്രിട്ടീഷ് മലബാർ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ വളരെ പിന്നോക്ക നിലയിലായിരുന്നു. വെറും 8% മാത്രമായിരുന്നു വിദ്യാഭ്യാസം ലഭിച്ചവർ. എന്നാലത് കൊച്ചി, തിരുവിതാംകൂർ പ്രദേശങ്ങളിൽ നാല്പത് ശതമാനവും. മൊത്തം പ്രദേശത്തിന്റെ വികസനം എടുത്തു നോക്കിയാലും കൊച്ചി-തിരുവിതാംകൂർ തന്നെയായിരുന്നു മുന്നിൽ. യശോദ ടീച്ചറിന്റെ ഗ്രാമപ്രദേശത്തുനിന്നും സ്ത്രീകളെ പഠിക്കാനയച്ചിരുന്നില്ല. അവരുടെ കുടുംബത്തിൽ വിദ്യാഭ്യാസം നേടിയ ചിലരുണ്ടായിരുന്നതിനാൽ സ്ത്രീകളെക്കൂടി സ്കൂളിൽ പഠിപ്പിച്ചു. കെ.പി.ആർ. ഗോപാലന്റെ അമ്മാവനായിരുന്നു അവരുടെ ഗുരുനാഥൻ. ക്ലാസ്സിൽ അവർ ഒരു പെൺകുട്ടി മാത്രമാണുണ്ടായിരുന്നത്. ആറാം ക്ലാസുവരെ പെൺകുട്ടികളെ ചേർത്തിരുന്നെങ്കിലും സ്കൂളിലെ ഏക പെൺപ്രജയും അവരായിരുന്നു. ഉപ്പുസത്യഗ്രഹസമയത്ത് ഗാന്ധിജി പയ്യന്നൂരിൽ വന്ന വിവരം അറിഞ്ഞ് കുട്ടികളെല്ലാവരും തന്നെ ക്ലാസിൽ നിന്നു പുറത്തിറങ്ങുകയും “ഗാന്ധിജി കീ ജയ്' വിളിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ ഓടി വന്നു. നാലഞ്ചു പേരെ പിടിച്ചു. ഓരോരുത്തർക്കും മുപ്പത്തിയാറ് അടിവീതം കിട്ടി. അന്നത്തെ നിയമ പ്രകാരം ഒരു കുട്ടിക്ക് ദിവസത്തിൽ പന്ത്രണ്ട് അടിയിൽ കൂടുതൽ നൽകാൻ പാടില്ലായിരുന്നു. അതിനാൽ മൂന്ന് ദിവസമായിട്ടാണ് മാസ്റ്റർ ശിക്ഷ നടപ്പാക്കിയത്. "ഗാന്ധിജി കീ ജയ്' എന്ന് വിളിച്ചതിന് എന്തിനാണ് കുട്ടികളെ തല്ലിയതെന്ന് അവർക്ക് മനസ്സിലായിരുന്നില്ല. പെൺകുട്ടിയായതുകൊണ്ടായിരിക്കണം യശോദ മാത്രം അടിയിൽനിന്നും രക്ഷപ്പെട്ടു.

അക്കാലത്ത് അധ്യാപകർ എണ്ണത്തിൽ വളരെ കുറവായിരുന്നു, പ്രത്യേകിച്ച് അധ്യാപികമാർ. 1931-ൽ എട്ടാംതരത്തിനുശേഷം യശോദ അധ്യാപികയായി ചേരുമ്പോൾ അവർക്ക് പ്രായം പതിനഞ്ചു വയസ്സ്. സ്കൂൾ കെട്ടിടം ഒരു വീടായിരുന്നു. വീടിന്റെ തെക്കെ മുറിയിലാണ് ക്ലാസ്സ് നടത്തിയിരുന്നത്. തലേന്ന് വരെ അവരും ഒരു വിദ്യാർത്ഥിനിയായിരുന്നു, മറ്റു കുട്ടികളോടൊപ്പം കളിച്ച് ചിരിച്ച് നടന്നിരുന്നു. ഇപ്പോൾ കൂട്ടുകാർ അവരുടെ മുന്നിൽ ശിഷ്യരായി ഇരിക്കുന്നു. അവർക്ക് പരിഭ്രമം തോന്നി! പിറ്റെ ദിവസം ഇൻസ്പെക്ഷനാണ്. ഒരു ആംഗ്ലോ -ഇന്ത്യൻ സ്ത്രീയായിരുന്നു ഇൻസ്പെക്ട്രസ്. യഥാർത്ഥത്തിൽ, ഇൻസ്പെക്ട്രസ് വരുമ്പോൾ അധ്യാപികമാരുടെ എണ്ണത്തിലെ കുറവ് പരിഹരിക്കാനാണ് യശോദയെ അധ്യാപികയാക്കി മാറ്റിയത്.

1931 ജൂലായ് 23-നാണ് യശോദ അധ്യാപകവൃത്തിയിൽ പ്രവേശിച്ചത്. എന്നാൽ രജിസ്റ്ററിൽ ജൂൺ ഒന്നു മുതൽ എല്ലാ ദിവസത്തെ കോളത്തിലും ഹെഡ്മാസ്റ്റർ അവരെക്കൊണ്ട് ഒപ്പ് ഇടുവിപ്പിച്ചു. എന്തിനാണിങ്ങനെ ചെയ്യിച്ചതെന്ന് അന്ന് അവർക്കറിയില്ലായിരുന്നു. ഹെഡ്മാസ്റ്റർ പറഞ്ഞു, അവർ ഒപ്പിടുകയും ചെയ്തു. അധ്യാപക പരിശീലനമൊന്നും അവർക്കു ലഭിച്ചിരുന്നില്ല. അതിനാൽ എങ്ങനെ പഠിപ്പിക്കണമെന്ന് അവർക്ക് നിശ്ചയമുണ്ടായിരുന്നില്ല. അവരുടെ അധ്യാപകൻ അവരെ എങ്ങനെ പഠിപ്പിച്ചുവോ, അങ്ങനെ പഠിപ്പിക്കാൻ അവർ ശ്രമിച്ചു. പരിശീലനം ലഭിക്കാത്ത ഒരു സഹായിയും അവർക്കുണ്ടായിരുന്നു. ആദ്യം അവർക്ക് മൂന്നാംക്ലാസ്സ് കൊടുത്തു. രണ്ടു മൂന്ന് മാസത്തിനുള്ളിൽ രണ്ടാം ക്ലാസ്സും. ആറ് മാസം കഴിഞ്ഞപ്പോൾ മുഴുവനായി രണ്ടാംക്ലാസ്സും മൂന്നാം ക്ലാസ്സും പഠിപ്പിക്കാൻ നൽകി. കുട്ടികൾ പഠിക്കാൻ തല്പരരായിരുന്നു. ഒരു വർഷത്തിനുള്ളിൽ ഈ കുട്ടികൾ അഞ്ചാം ക്ലാസ്സിലെത്തേണ്ടിയിരുന്നതിനാൽ അവരുടെ ജോലി വളരെ ശ്രമകരമായിരുന്നു. എങ്കിലും ആ ജോലി നിർവഹിച്ച് അവർ വീട്ടിലേക്ക് മടങ്ങി.

പിന്നീട് യശോദ ബി.എഡിന് ചേർന്നു. ഒപ്പം ചേർന്ന അധ്യാപികമാരെല്ലാവരും ടി.ടി.സി കഴിഞ്ഞ ട്രെയിനികളായിരുന്നു. അവരുടെ കൂടെ അന്ന് നായനാർ കുടുംബത്തിലെ രുക്മിണി, മീനാക്ഷി എന്നീ പെൺകുട്ടികളും ഉണ്ടായിരുന്നു. കല്യാശ്ശേരിയിലും പാപ്പിനിശ്ശേരിയിലും പെൺപള്ളിക്കൂടങ്ങൾ വേണമെന്നൊരാവശ്യം ഉണ്ടായി. അന്ന് കല്യാശ്ശേരിയിലെ അധികാരിപ്പണി ഇ.കെ. നായനാർ കുടുംബത്തിനും പാപ്പിനിശ്ശേരിയിലെ അധികാരിപ്പണി യശോദ ടീച്ചറുടെ കുടുംബത്തിനുമായിരുന്നു. സ്കൂൾ തുടങ്ങിയത് മാങ്ങാട്ടും കല്യാശ്ശേരിയിലുമായിരുന്നു. പെൺപള്ളിക്കുടങ്ങളിൽ പഠിപ്പിക്കാൻ മിസ്സുമാർ അന്ന് ആവശ്യത്തിനുണ്ടായിരുന്നില്ല. അന്ന് പെൺപള്ളിക്കൂടങ്ങളിൽ അധ്യാപികമാരെ മാത്രമേ പഠിപ്പിക്കാൻ നിയോഗിച്ചിരുന്നുള്ളൂ.
സ്ത്രീകൾ അധ്യാപകവൃത്തി ചെയ്യുന്നത്, അന്ന് സമുദായം അംഗീകരിച്ചിരുന്നില്ല. ആട്ടക്കാരികളായിട്ടാണ് അവരെ മുദ്രകുത്തിയിരുന്നത്. സ്കൂളിൽ പോകുന്ന വഴിയിൽ കലുങ്കുകളിൽ കുത്തിയിരുന്ന് ചെറുപ്പക്കാർ കമന്റടിക്കുമായിരുന്നു. "ഇതാ ചരക്ക് പോകുന്നെടാ' എന്നൊക്കെ. കാരണം, അവൾ വീട്ടിന് പുറത്താണ്, അകത്തളത്തിലല്ലല്ലോ. എന്നാൽ അധ്യാപികയില്ലെങ്കിൽ പെൺപള്ളിക്കൂടത്തിന് അംഗീകാരം ലഭിക്കുകയില്ല. ഒരാളെയെങ്കിലും കിട്ടിയാൽ മതി. അങ്ങനെ കുറച്ചാളുകൾ യശോദയുടെ വീട്ടിൽ വന്നു. പക്ഷെ, അധ്യാപികയായി പറഞ്ഞയയ്ക്കാൻ അമ്മയ്ക്ക് സമ്മതമായിരുന്നില്ല. അവർ വിട്ടില്ല. ടീച്ചറുടെ ഗുരുനാഥനെയും അമ്മാവൻമാരിലൊരാളെയും കൂട്ടിക്കൊണ്ടുവന്നു. അവരുടെ നിർബന്ധത്തിന്റെ ഫലമായി യശോദയെ അയക്കാമെന്ന് അമ്മയേറ്റു. പക്ഷെ, ഒരു നിബന്ധന വെച്ചു. പകരത്തിന് ഒരാളെ കിട്ടിയാൽ ഉടനെ പോക്ക് നിർത്തുമെന്ന്. പക്ഷെ, അത്ര പെട്ടെന്നൊന്നും സ്ത്രീകളെ അധ്യാപികമാരായി കിട്ടാൻ പോകുന്നില്ലെന്ന് അവർക്കുറപ്പുണ്ടായിരുന്നു. അങ്ങനെയാണ് അവർ പരിശീലനത്തിന് പോകാനിടയായത്. ട്രെയിനിങ്ങ് കോളേജിലേക്ക് മൂന്ന് മൈൽ നടന്നാണ് പോയിരുന്നത്. ഒരു കൊല്ലം അവർ അവരുടെ അച്ഛന്റെ വീട്ടിൽ താമസിച്ചു. അടുത്തകൊല്ലം ഹോസ്റ്റലിൽ ചേർന്നു.

ഈ സമയത്ത് യശോദയുടെ അമ്മാവന്മാർ അവരെ കല്യാണം കഴിപ്പിച്ചയക്കാനുള്ള ശ്രമമാരംഭിച്ചു. അതിന് വേണ്ട തുണിയും മറ്റു സാധനങ്ങളുമൊക്കെ വാങ്ങിക്കാൻ തുടങ്ങി. എം.എസ്.പി.യിൽ ഹവിൽദാറായ ഒരു കോഴിക്കോട്ടുകാരനായിരുന്നു വരൻ. യശോദയ്ക്ക് ഇഷ്ടപ്പെട്ടില്ല. പക്ഷെ ഒന്നും പറയാൻ വയ്യല്ലോ. അവരുടെ സമുദായത്തിൽ ആണിന്റെ കുടുംബത്തിൽ നിന്ന് പെണ്ണിനെ തേടി വരികയാണ് പതിവ്. വിവാഹം ഉടനെ വേണ്ടന്നൊക്കെ യശോദ പറഞ്ഞുനോക്കി. പക്ഷെ, ബന്ധുക്കൾ സമ്മതിച്ചില്ല. പക്ഷെ, ഈ ഹവിൽദാർ യശോദയെ കാണാനായി സ്കൂളിൽ വന്നപ്പോൾ, അവർ തനിക്ക് പ്രായം നന്നേ കുറവാണെന്നും ഉടനെയൊന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹത്തോട് തുറന്നു പറഞ്ഞു. ബന്ധുക്കൾ ഇതേപ്പറ്റിയൊന്നും അറിഞ്ഞില്ല. അവസാനം അവർക്ക് യശോദയുടെ അഭിപ്രായം അംഗീകരിക്കേണ്ടിവന്നു. യശോദ അവരുടെ ജോലിയിൽ തുടർന്നു. അതിനോടൊപ്പം കോൺഗ്രസ് പാർട്ടിയിൽ അവരുടെ രാഷ്ട്രീയ പ്രവർത്തനം അനുവദിക്കുകയും ചെയ്തു. വിദ്യാർത്ഥി ജീവിതം കഴിഞ്ഞതോടെ കോൺഗ്രസ്സിൽ ചേർന്ന് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം അവർക്കു ലഭിച്ചു. അവർ മഹിളാസമാജം വഴി കോൺഗ്രസ് പാർട്ടിക്ക് വേണ്ടി സ്ത്രീകളെ സംഘടിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു. നേരിട്ട് രാഷ്ട്രീയ സംഘടനകളിൽ ചേരുന്നതിന് സ്ത്രീകൾ ഒരിക്കലും തയ്യാറാകുമായിരുന്നില്ല. അതിനാലാണ് മഹിളാസമാജം മുഖേന സംഘാടനം നടത്തേണ്ടിവന്നത്. അന്ന് മഹിളാസമാജം മുഖേന സ്ത്രീകൾക്ക് ചെറിയ തോതിൽ വരുമാനമുണ്ടാക്കാവുന്ന തൊഴിലുകൾ ലഭിക്കുമായിരുന്നു. ഇതുകൊണ്ടുള്ള ഏറ്റവും വലിയ പ്രയോജനം സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം ലഭിക്കുമെന്ന് ആത്മവിശ്വാസം നൽകുകയായിരുന്നു. ഇതിൽ പ്രധാനം ചർക്കയുപയോഗിച്ച് നൂൽനൂൽപും നെയ്ത്ത്തുമായിരുന്നു. അതിനുള്ള നൂൽ പയ്യന്നൂരിൽ നിന്നാണ് വന്നിരുന്നത്.
മഹിളാസമാജങ്ങളിൽ പ്രവർത്തിക്കുന്നതിൽ യശോദയ്ക്ക് ആരുടേയും എതിർപ്പുണ്ടായിരുന്നില്ല. അവർ ഒരു തുലാം നൂല് ഗാന്ധിജിയുടെ ശിഷ്യനായ വേങ്ങയിൽ നായനാരുടെ കയ്യിൽ നിന്നാണ് വാങ്ങിയത്. മഹിളാ സമാജങ്ങളോടൊപ്പം മഹിളാ സംഘങ്ങളും ഉണ്ടായി. മഹിളാ സമാജങ്ങളാണ് ആദ്യം ഉണ്ടായത്. പിന്നീട് കോൺഗ്രസ് പിളർന്നപ്പോൾ ഇടതുപക്ഷം മഹിളാ സംഘങ്ങൾ ഉണ്ടാക്കി.

1937-ൽ പാപ്പിനിശ്ശേരിയിൽ ഒരു മഹിളാസംഘം ഉണ്ടായി. കണ്ണോത്ത് മാധവിയമ്മ, എം.വി. മീനാക്ഷിയമ്മ, പിന്നെ യശോദയും ആയിരുന്നു ഇത് സംഘടിപ്പിച്ചത്. അന്ന് കണ്ണൂരിൽ ഒരു കേരള മഹിളാ സമാജം നിലവിലുണ്ടായിരുന്നു. 1939 ഡിസംബറിൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിലവിൽവന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ അടിസ്ഥാന ഘടകം സെൽ ആണ്. അതിനു മുകളിൽ ബ്രാഞ്ച്, പിന്നെ ഫർക്ക, അതിനും മീതെ ലോക്കൽ കമ്മിറ്റി. സെല്ലിൽ അംഗങ്ങളായിരുന്നു യശോദയടക്കം മേൽപറഞ്ഞ സ്ത്രീകൾ എല്ലാവരും. എല്ലാ സെല്ലുകളിലും ഫർക്കകളിലും അവർ മഹിളാ സംഘങ്ങൾ രൂപീകരിച്ചു. തുണി ഉണ്ടാക്കുന്നതിനുള്ള പരുത്തി കാളവണ്ടിയിൽ കൊണ്ടുവന്ന് മഹിളാ സംഘങ്ങൾക്കിടയിൽ വിതരണം നടത്തി. ഈ കാലത്ത് സാമുവൽ ആറോൺ, ഗ്രേസി ആറോൺ തുടങ്ങിയവർ അവരുടെ കൂടെ ഉണ്ടായിരുന്നു. ഗ്രേസി ആറോൺ ഒരു മില്ലിന്റെ ഉടമസ്ഥയായിരുന്നു. അതിനാൽ മഹിളാ സംഘത്തിന് വേണ്ട നെയ്ത്ത്തുപകരണങ്ങൾ കിട്ടാൻ സാധ്യതയുണ്ടെന്ന് കരുതി യശോദയും കൂട്ടരും ഗ്രേസി ആറോണിനെ സംഘത്തിന്റെ ചെയർപേഴ്സണാക്കി. പക്ഷെ, ഫലം നേരെമറിച്ചായിരുന്നു. സംഘം കമ്മ്യൂണിസ്റ്റ്കാരുടെതാണെന്നും അതിനാൽ അതിൽ ചേരരുതെന്നും അവർ പ്രചരണം നടത്തി.

അരയണയായിരുന്നു അന്ന് സംഘത്തിന്റെ മെമ്പർഷിപ്പ് തുക. മഹിളാ സമാജത്തിന്റേത് രണ്ടണയും. സംഘക്കാർക്കാണ് കൂടുതൽ മെമ്പർഷിപ്പ് കിട്ടിയത്. അങ്ങനെ അവർ ഫർക്ക മഹിളാസംഘം ഉണ്ടാക്കി. സംഘം പയ്യന്നൂരിൽ നിന്ന് പരുത്തി കൊണ്ടുവന്നു നൂൽനൂറ്റ് വസ്ത്രമുണ്ടാക്കി പയ്യന്നൂര് തന്നെ വില്പന നടത്തി. സ്വാശ്രയത്വമായിരുന്നു അടിസ്ഥാന ആശയം. നൂൽനൂൽപ്പും വസ്ത്ര നിർമ്മാണവും മാത്രമായിരുന്നില്ല പ്രധാന പ്രവർത്തികൾ. സാക്ഷരതാ ക്ലാസ്സുകളും മറ്റു ബോധവത്ക്കരണ ക്ലാസ്സുകളും അവർ നടത്തുകയുണ്ടായി. സംഘം സ്ത്രീകളുടെ കുടുംബ പ്രശ്നങ്ങളിൽ ഇടപെടുകയും പരസ്പരം നല്ല ധാരണയോടുകൂടി പ്രവർത്തിക്കുകയും കൂട്ടായ്മ വളർത്തിയെടുക്കുകയും ചെയ്തു. സംഘം പ്രവർത്തകർക്ക് സ്ത്രീകൾ ഓരോരുത്തരെയും വ്യക്തിപരമായി അറിയാമായിരുന്നു. അവർ സ്ത്രീകളോട് ഗാന്ധിജിയെ കുറിച്ചും ദേശീയ സ്വാതന്ത്യം നേടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചിരുന്നു. ഈ സമയത്ത് യശോദ പാർട്ടിക്ലാസ്സുകളിൽ പങ്കെടുക്കുകയും നല്ലൊരു സഖാവ് ആകുകയും ചെയ്തു.

യശോദ അന്ന് 'ദേശാഭിമാനി'യുടെ റിപ്പോർട്ടർ ആയിരുന്നു. നല്ല കഴിവുള്ള റിപ്പോർട്ടറായിരുന്നു അവർ. അവരുടെ റിപ്പോർട്ടുകൾ പലതും എം.എസ്.പിക്കാരുടെ വേട്ടയെക്കുറിച്ചും, കുഞ്ഞാക്കമ്മയുടെ സമരത്തെക്കുറിച്ചുമൊക്കെ ജനങ്ങളുടെ മനസിലേക്കിറങ്ങിച്ചെല്ലാനും വിപ്ലവബോധമുണ്ടാക്കാനും സഹായിച്ചിട്ടുണ്ട്. ദേശാഭിമാനിയിൽ അവർ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരായും ഗാന്ധിജിയുടെ സ്വാശ്രയപ്രസ്ഥാനത്തെ കുറിച്ചും ലേഖനങ്ങൾ എഴുതിയിരുന്നതിനാൽ പോലീസ് അവരെ അന്വേഷിച്ച് ഒരു രാത്രി വീട്ടിലെത്തി. ലേഖനങ്ങൾ കണ്ടുകെട്ടുകയായിരുന്നു അവരുടെ ഉദ്ദേശ്യം. ലേഖനങ്ങൾ യശോദ കിടക്കയ്ക്കടിയിൽ ഒളിപ്പിച്ചു വെച്ചു. ലേഖനങ്ങൾ കിട്ടാത്തതിലുള്ള ദേഷ്യം അവർ യശോദയുടെ മേൽ തീർത്തു. പോലീസുകാരുടെ കൈയ്യിൽ നിന്നും അവർക്ക് പൊതിരെ തല്ലു കിട്ടി. "സ്വ.ലേ' എന്ന് പറഞ്ഞുകൊണ്ട് അവർ യശോദയെ റോഡിലേക്ക് വലിച്ചിഴച്ചു. "നീയൊരു പെണ്ണല്ലേ? നിനക്ക് മര്യാദയ്ക്ക് വിവാഹം കഴിച്ച് വീട്ടിൽ അടങ്ങിയൊതുങ്ങി കഴിഞ്ഞുകൂടെ? വെറുതെ എന്തിനാണ് പാർട്ടിയെന്നും രാഷ്ട്രീയമെന്നുമൊക്കെ പറഞ്ഞു നടക്കുന്നത്?' എന്നൊക്കെ അവർ യശോദയെ വഴക്കുപറയുന്നുണ്ടായിരുന്നു. കുറച്ച് ദൂരം ചെന്നപ്പോൾ യശോദ ബോധംകെട്ടു വീണു. എന്നിട്ടും അവർ യശോദയെ തല്ലിയെന്നാണ് ദൃക്സാക്ഷികൾ പിന്നീട് പറഞ്ഞത്. പോലീസുകാർ യശോദയെ പാടത്ത് തള്ളിയിട്ടു. ആ രാത്രി മുഴുവൻ യശോദ അബോധാവസ്ഥയിൽ പാടത്ത് കിടന്നു.
പിറ്റേന്ന് യശോദയുടെ അമ്മ വന്ന് അവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. പ്രഥമശുശ്രൂഷയൊക്കെ നൽകിയെങ്കിലും "എന്തിനാണീ പാർട്ടി പ്രവർത്തനങ്ങൾക്ക് പോകുന്നതെന്ന്' പറഞ്ഞ് അമ്മയും അവരോട് ദേഷ്യപ്പെടുകയാണുണ്ടായത്. അടികൊണ്ട് അവരുടെ പുറം മുഴുവൻ നീരുവന്ന് വീർത്തിരുന്നു. എന്നിട്ടും പിറ്റെ ദിവസം അവർ സ്കൂളിൽ പോയി. വഴിയിൽ വെച്ചു കണ്ട പോലീസുകാരനോട് അവർ പറഞ്ഞു, "നോക്കൂ, ഞാൻ ഇതാ പകലും ഇതു പോലെ ഇനിയും റോഡിൽ കൂടി പോകും. നിങ്ങൾക്കെന്നെ പകൽ തന്നെ അറസ്റ്റ് ചെയ്യാം. രാത്രി വേണ്ട.'. അന്ന് ഹെഡ്മാസ്റ്റർ അവരോട് വളരെ അനുകമ്പാപൂർവ്വമാണ് പെരുമാറിയത്. ക്ലാസ്സിൽ പോകേണ്ടെന്നും ഒപ്പിട്ടിട്ട് പോയി കിടന്നോളാനും പറഞ്ഞു. അപ്പോഴാണ് ഗുരുതരമായി മുറിവേറ്റിട്ടുണ്ടെന്ന് അവർക്കും ബോധ്യമായത്.

അന്നത്തെ സംഭവത്തിനു ശേഷം യശോദ ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് ഗോപാലേട്ടനെ കാണാൻ ചെന്നു. എന്ത് നിലപാടാണെടുക്കേണ്ടതെന്ന് അദ്ദേഹത്തോട് ആലോചിക്കാനായിരുന്നു പോയത്. അദ്ദേഹത്തിന്റെ റൂമിലിരുന്നു സംസാരിച്ചു കൊണ്ടിരുന്നപ്പോൾ എം.എ സ്.പിക്കാർ ഗുണ്ടകളൊന്നിച്ച് വന്നു. ഗുണ്ടകൾ പറശ്ശിനിക്കടവ് അമ്പലം നേർച്ച കാരണമാണ് അവിടെ വന്നെത്തിയത്. നേർച്ചയ്ക്ക് ആടയാഭരണങ്ങളണിഞ്ഞ് ധാരാളം സ്ത്രീകൾ വരുമായിരുന്നു. ഈ ഗുണ്ടകൾ ഇവരെ ഭീഷണിപ്പെടുത്തി ആഭരണങ്ങൾ പിടിച്ച് പറിക്കും. എന്നിട്ട് പങ്കിട്ടെടുക്കും. അതാണ് പതിവ്. എന്നാൽ എം.എസ്.പിക്കാർ അവരെ ഉപയോഗിച്ചു. ഗോപാലേട്ടനേയും യശോദയെയും തല്ലിച്ചതച്ചു. പോലീസുകാർ യശോദയെ “സ്വ.ലേ, സ്വ.ലേ' എന്നു വിളിച്ച് വീണ്ടും തല്ലി. രായരപ്പൻ നായരായിരുന്നു അന്നത്തെ എസ്.പി. “നീയൊരു പെണ്ണല്ലെ, എന്തിനാണിങ്ങനെ തല്ലുകൊള്ളുന്നത്? അകത്തുപോയി ഇരുന്നുകൂടെ” എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം യശോദയെ ഒരു മുറിയിലേക്ക് തള്ളിയാക്കി. അദ്ദേഹം വളരെ നല്ലരീതിയിലാണ് അവരോട് പെരുമാറിയത്.

ഇതിനുശേഷം യശോദ ഒളിവിൽ പോയി. അനന്തൻ നമ്പ്യാരും കാന്തലോട്ട് കുഞ്ഞമ്പുവും മറ്റ് പലരും ഒളിവിലായിരുന്നു. ഒരു അധ്യാപികയുടെ വീട്ടിലാണ് അവർ ഒളിവിൽ കഴിഞ്ഞത്. ചന്ത്രോത്തും കൂടെയുണ്ടായിരുന്നു. രാത്രി ഒരു ചെറിയ വള്ളത്തിൽ കയറി അവർ ടീച്ചറുടെ വീട്ടിലെത്തി. യശോദ കോഴിക്കോട്ടെയ്ക്ക് പോകണമെന്ന് അവർ പറഞ്ഞു. യശോദ സാരിമാറ്റി ഒരു മുണ്ടും വസ്ത്രവും ധരിച്ചു. കുഞ്ഞമ്പു മാസ്റ്റർ അവരെ ചാലോട്ടെയ്ക്ക് നടത്തിക്കൊണ്ടുപോയി. കോഴിക്കോട്ട് എത്തിയ ഉടൻ അവർ അമ്മക്കൊരു കത്തെഴുതി പോസ്റ്റ് ചെയ്തു. എന്നിട്ട് നേരെ ദേശാഭിമാനി പത്രമോഫീസിലേക്ക് പോയി. കുറച്ചു ദിവസം അവർ ഇ.എം.എസിന്റെ സഹോദരിയുടെ വീട്ടിൽ താമസിച്ചു. ഇ.എം.എസും അവരും കുറെ ദിവസം വീട്ടിൽ ഉണ്ടായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം അവരെ രണ്ടുപേരെയും ഒരു കാറിൽ കയറ്റി ഷൊർണൂരുള്ള എം. ആർ. ഭട്ടതിരിപ്പാടിന്റെ വീട്ടിലേക്ക് പറഞ്ഞയച്ചു. കാന്തലോട്ട് കുഞ്ഞമ്പു ഇടപ്പള്ളിക്കും പോയി. അന്നുതന്നെ, ഇടപ്പള്ളിയിൽ പോലീസ് സ്റ്റേഷൻ വെടിവെപ്പുണ്ടായി. യശോദയ്ക്ക് ചില ശാരീരിക പ്രശ്നങ്ങൾ കാരണം (കോട്ടയ്ക്കലിൽ നിന്നും മരുന്ന് കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.) ചെറുതുരുത്തിയിലുള്ള ഡോ. വി. ആർ. നായനാരെ കാണാനായി പോകേണ്ടിവന്നു. തിരിച്ചു വരുമ്പോഴേയ്ക്ക് ചെറുതുരുത്തിയിലുള്ള വീട്ടിൽ പോലീസെത്തിയിരുന്നു. ഉടനെ അവരെ പത്തിയിൽ പ്രിയദത്തയുടെ വീട്ടിലേക്കും അവിടെ നിന്നും ആര്യ പള്ളത്തിന്റെ വീട്ടിലേക്കും മാറ്റി. ഒളിവിലായ കാലം മുഴുവൻ അവരങ്ങനെ സ്ഥിരമായിട്ടൊരു വാസസ്ഥലമില്ലാതെ അവിടെയുമിവിടെയുമായി കഴിയുകയായിരുന്നു. എന്നാൽ സോഷ്യലിസം വരുമെന്നും നാട്ടിന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുമെന്നും അവർ ദൃഢമായി വിശ്വസി ച്ചു. ഈ ദൃഢവിശ്വാസത്തോടെ അവർ സോഷ്യലിസത്തിന്റെ പിറവിക്കായി കാത്തിരുന്നു.

ഒളിവിൽ നിന്ന് പുറത്തുവന്നശേഷം അവർ വീണ്ടും മഹിളാ സംഘം പ്രവർത്തനങ്ങളിൽ മുഴുകി. 1942-ൽ ആദ്യത്തെ കേരള മഹിളാ സമാജം കോഴിക്കോട്ട് ആരംഭിച്ചു. ഭവാനിയമ്മ, ദേവയാനി, പിന്നെ യശോദയും ഇതിന് നേതൃത്വം കൊടുത്തു. മഹിളാ സമാജാംഗങ്ങൾ മിക്കവരും കയർ തൊഴിലാളികൾ ആയിരുന്നു. ഇവരെ സംഘടിപ്പിക്കാനായി യശോദയും എം.വി. മീനാക്ഷിയമ്മയും വീട് വീടാന്തരം കയറിയിറങ്ങി. ഒരിക്കലൊരു പത്തു ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചു. കൊച്ചുകുട്ടിയമ്മ, ശ്രീമതി ജോർജ്ജ് തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു. വാസ്തവത്തിൽ അത് കേരളത്തിലെ ആദ്യത്തെ വനിതാ സംഘങ്ങളുടെ ഒരു കോൺഫെഡറേഷൻ ആയിരുന്നു. ദേശീയ തലത്തിൽ കൂടുതൽ സംഘടിതമായി പ്രവർത്തിക്കാൻ ഇത് അവരെ സഹായിച്ചു. 1943-ൽ ഹൈദരാബാദിലെ ഹിന്ദിൽ വെച്ചു നടന്ന അഖില ഭാരത വനിതാ കോൺഗ്രസിൽ യശോദയും ദേവകി നരിക്കാട്ടിരിയും സംബന്ധിച്ചു. കോൺഗ്രസ്സിനെ പ്രതിനിധീകരിച്ചുകൊണ്ട് ഗണപതി സ്കൂളിലെ കെ.വി. ശാരദയും ഉണ്ടായിരുന്നു. യശോദയും ദേവകിയും കമ്മ്യൂണിസ്റ്റ് പാർട്ടിയെയായിരുന്നു പ്രതിനിധീകരിച്ചത്. കമലാദേവി ചതോപാദ്ധ്യായ, കസ്തൂർബാ ഗാന്ധി പൂരൺമെഹ്, സരള, രേണു ചക്രവർത്തി, പെരിൻ ബെയ്ത്ത് , കല്പന ദത്ത്, സരോജിനി നായിഡു, കല്പന ജോഷി മുതലായ അഖിലേന്ത്യാ നേതാക്കൾ ഇതിൽ പങ്കെടുത്തിരുന്നു. യശോദക്ക് ഇംഗ്ലീഷും ദേവകിയ്ക്ക് ഹിന്ദിയും വശമായിരുന്നതിനാൽ ചർച്ചകളിലൊക്കെ സജീവമായി പങ്കെടുക്കാൻ സാധിച്ചു. പതിനേഴു കൊല്ലത്തെ ദാമ്പത്യത്തിനുശേഷം ദേവകി ഗർഭിണിയായിരുന്നു. ഡൽഹിയിൽ വെച്ച് ദേവകിക്ക് സുഖമില്ലാതായി. ഗർഭം അലസിപ്പോയി. പെട്ടെന്ന് ഗർഭഛിദ്രം സംഭവിച്ചപ്പോൾ എന്താണ് വേണ്ടതെന്നറിയാതെ യശോദ പരിഭ്രമിച്ചുപോയി. കാരണം, യശോദ അന്ന് വിവാഹിതപോലുമായിരുന്നില്ല. ദേവകിയെ ഉടനെ ആശുപ്രതിയിലാക്കി. ഇക്കാരണത്താൽ പത്തു ദിവസത്തെ മീറ്റിങ്ങ് കഴിഞ്ഞ് വീണ്ടുമൊരുമാസം അവർക്ക് ഡൽഹിയിൽ  തങ്ങേണ്ടിവന്നു.

ഈ കോൺഫറൻസ് അവർക്കൊരു പുതിയ അനുഭവമായിരുന്നു. പുതിയ രാഷ്ട്രീയ ചേരിതിരിവുകളെപ്പറ്റിയും, സ്ത്രീകളുടെ പ്രശ്നങ്ങളിൽ പാർട്ടികളെടുക്കുന്ന നിലപാടുകളെക്കുറിച്ചും അവർക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. സ്വാതന്ത്ര്യ സമരത്തിന്റെ ദിശയെക്കുറിച്ചും പുതിയതായി പല കാര്യങ്ങളും അവർക്ക് മനസ്സിലായി. സ്പെയിനിലെ വിപ്ലവകാരിയായിരുന്ന സോയയുടെ വധം വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. സമ്മേളനത്തിൽ ദേവകി വധത്തിനെതിരെ പ്രതിഷേധിച്ചു. സോയ തൂക്കിക്കൊല്ലപ്പെട്ട ഒരു വിപ്ലവകാരിയായിരുന്നു. സോയ ഒരു കേരളപ്പേരായിരുന്നില്ല. അഖിലേന്ത്യാ സമ്മേളനങ്ങളിലെ പങ്കാളിത്തത്തിൽ നിന്നാണ് ഇത്തരം പേരുകൾ കേരളത്തിലേക്കു വരുന്നത്. സോയ, കമല, സരോജിനി, റോസ, തുടങ്ങിയ പുതിയ പല പേരുകളും അവരുടെ അനുഭവമണ്ഡലത്തിലേക്ക് കടന്നുവന്നു. സ്റ്റാലിൻ, ലെനിൻ, ഭഗത് തുടങ്ങിയ പേരുകളും ഇതുപോലുള്ള രാഷ്ട്രീയ സമ്മേളനങ്ങളിൽ കൂടിയാണ് അവർ കേൾക്കുന്നത്.

ആരംബൻ ഗോപാലന്റെ നേതൃത്വത്തിൽ യശോദയുടെ അമ്മാവന്റെ വീട്ടിൽ വെച്ചു മിശ്രഭോജനം നടന്നു. മിശ്രഭോജനത്തിന് ധാരാളം ഹരിജനങ്ങൾ ജാഥയായി വന്ന് ഭക്ഷണം കഴിച്ചിരുന്നു. എങ്കിലും അവരെ വീട്ടിനകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. വരാന്തയിലാണ് ഭക്ഷണം വിളമ്പിയത്. യശോദയുടെ കുടുംബക്കാരോ അയൽക്കാരോ ആരുംതന്നെ മിശ്രഭോജനത്തിൽ പങ്കെടുത്തിരുന്നില്ല. മാത്രമല്ല, മിശ്രഭോജനം നടത്തുന്നതിൽ അവർ യശോദയുടെ വീട്ടുകാരെ ചീത്തവിളിക്കുക കൂടി ചെയ്തിരുന്നു. യശോദയുടെ വീട്ടുകാർ മാത്രമായിരുന്നു മിശ്രഭോജനത്തിൽ പങ്കെടുത്തത്.

ഈ കാലഘട്ടത്തിൽ യശോദ അധ്യാപക പ്രസ്ഥാനത്തിൽ വളരെ സജീവമായിരുന്നു. 1935-ലാണ് കേരളത്തിൽ അധ്യാപകപ്രസ്ഥാനം ആരംഭിക്കുന്നത്. ടി.സി.നാരായണൻ നമ്പ്യാർ, വി. രാമുണ്ണി, പി.ആർ. നമ്പ്യാർ തുടങ്ങിയവർ മലബാർ അധ്യാപക യൂണിയന്റെ നേതാക്കളായിരുന്നു. അധ്യാപകരുടെ അവകാശത്തിന് വേണ്ടിയുള്ള എല്ലാ സമരങ്ങളിലും അവർ പങ്കെടുത്തു. അധ്യാപകർക്ക് രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നതിന് അന്ന് വിലക്കുണ്ടായിരുന്നു, പ്രത്യേകിച്ച് ബ്രിട്ടീഷുകാർക്കെതിരായി. യശോദയും കൂട്ടരും രാഷ്ട്രീയ പ്രവർത്തകരായിരുന്നു. 1939-ൽ 198 ടീച്ചർമാരുടെ സർട്ടിഫിക്കറ്റുകൾ റദ്ദാക്കി. അതിൽ യശോദ ഉൾപ്പെടെ രണ്ട് അധ്യാപികമാരും ഉണ്ടായിരുന്നു. മാപ്പെഴുതിക്കൊടുത്താൽ അവരെ തിരിച്ചെടുക്കുമായിരുന്നു. പക്ഷെ, മാപ്പെഴുതാൻ യശോദ തയ്യാറായിരുന്നില്ല.

1952-ലാണ് യശോദയുടെ വിവാഹം നടക്കുന്നത്. സഖാക്കളാണ് കാന്തലോട്ട് കുഞ്ഞമ്പുവിന്റെ കാര്യം അവതരിപ്പിച്ചത്. കുഞ്ഞമ്പുവിനെ യശോദക്ക് ആദ്യമേ അറിയാം. ആറോണിന്റെ കമ്പനിയിലാണ്. പണക്കാരനാണ്. സമപ്രായക്കാരുമാണ്. അതുകൊണ്ടുതന്നെ വിവാഹം വേണ്ടെന്ന് അവർ പറഞ്ഞു. കേരളീയൻ കുഞ്ഞമ്പുവിന്റെ അമ്മയുമായും ഇക്കാര്യം സംസാരിച്ചു. ഈ വിവാഹം പാർട്ടി തീരുമാനമാണെന്നാണ് അവർ പറഞ്ഞത്. 1952-ൽ സഖാവ് രയരപ്പന്റെ കാർമ്മികത്വത്തിൽ വിവാഹം നടന്നു. അതൊരു കമ്മ്യൂണിസ്റ്റ് വിവാഹമായിരുന്നു. ഇതേ സമയത്തുതന്നെയാണ് സുശീലാഗോപാലന്റേയും ദേവയാനിയുടെയും വിവാഹം നടന്നത്. അവരുടേതും പാർട്ടി കല്യാണങ്ങളായിരുന്നു.

വിവാഹം യശോദയുടെ രാഷ്ട്രീയ ജീവിതത്തെ തെല്ലും ബാധിച്ചില്ല. വിവാഹത്തോടുകൂടി രാഷ്ട്രീയ പ്രവർത്തനത്തിന് കൂടുതൽ സ്വാത്രന്ത്യം കിട്ടുകയാണുണ്ടായത്. അവർ ഇപ്പോഴും സഖാക്കളാണ്. വ്യക്തിജീവിതത്തിലും അവർ ആ സ്വാതന്ത്ര്യം അനുഭവിച്ചു. ഇന്നത്തെ രീതിയിലുള്ള ഭാര്യാഭർതൃബന്ധമായിരുന്നില്ല അവരുടേത്. രാഷ്ട്രീയമായും വ്യക്തിപരമായും എല്ലാ കാര്യങ്ങളും അവർ പങ്കുവെച്ചു. പിൽക്കാലത്ത് ഇടതുപക്ഷം പിളർന്നപ്പോൾ അവർ സി.പി.ഐ.യുടെ കൂടെ നിന്നു. ഇപ്പോഴും സി.പി.ഐയിൽ തുടരുന്നു. കാന്തലോട്ട് 1977-ൽ വനം വകുപ്പ് മന്ത്രിയായി. 1976-ൽ യശോദ ജോലിയിൽ നിന്നും വിരമിച്ചു. ഇപ്പോഴും അവർ രാഷ്ട്രീയ പ്രവർത്തനം തുടരുന്നു. മഹിളാ സംഘത്തിലെ സംസ്ഥാന കമ്മിറ്റി അംഗമാണ്. ജില്ലാഘടകത്തിലും പ്രവർത്തിക്കുന്നു. പാപ്പിനിശ്ശേരി മഹിളാ സംഘത്തിൽ ഒരു ഔദ്യോഗിക സ്ഥാനം കൂടി അവർ വഹിക്കുന്നുണ്ട്. അഴീക്കോട്ടെ ഒരു ഗാർമെൻറ് സൊസൈറ്റിയുടെ പ്രസിഡണ്ടായിരുന്നു കഴിഞ്ഞകൊല്ലം വരെ യശോദ. എൺപത്തഞ്ച് വയസ്സായ അവരുടെ സഹായം ഇപ്പോഴും ചെറുപ്പക്കാർ ആവശ്യപ്പെടുന്നു. അവർക്കു സമയം കിട്ടുമ്പോഴെല്ലാം അവർ സഹായിക്കുന്നു. ഇപ്പോൾ യാത്രചെയ്യാനൊന്നും വയ്യ. “പുതിയ ആളുകൾ വരട്ടെ. അല്ലെ? ഇനിയും ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ട്.” ചെയ്തതൊന്നും പൂർത്തിയായെന്ന തോന്നൽ യശോദക്കില്ല. “നമുക്ക് എവിടെയെങ്കിലും എത്തിച്ചേരാൻ സാധിക്കുമോ? പല മേഖലകളിലും നാമെന്തെക്കെയോ നേടിയിരുന്നു. പക്ഷെ, ഇന്ന് സമൂഹത്തിൽ സ്ത്രീയുടെ സ്ഥിതി എന്താണ്? എവിടെയോ എന്തോ തെറ്റുപറ്റിയിരിക്കുന്നു.” 

(അഭിമുഖം നടത്തി തയ്യാറാക്കിയത്.)

Category

References

ജനകീയ സമരങ്ങളിൽ മലബാറിന്റെ പെൺപാതകൾ..  ടി കെ ആനന്ദി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, 2006