കേരളം ചർച്ചചെയ്ത ബലാത്സംഗക്കേസുകൾ 

സൂര്യനെല്ലി കേസ് 
ഇടുക്കി ജില്ലയിലെ സൂര്യനെല്ലി സ്വദേശിനിയായ ഒന്‍പതാം ക്ലാസ്സുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോകുകയും, നാല്‍പതു ദിവസം തുടര്‍ച്ചയായി പീഡിപ്പിക്കുകയും ചെയ്തുവെന്നതാണ് 1996ല്‍ രജിസ്റ്റര്‍ ചെയ്ത കേസ്. നാല്‍പ്പതു ദിവസത്തിനുള്ളില്‍ 37 പേര്‍ ചേര്‍ന്ന് 67 തവണയാണ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയും മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം നല്‍കിയും പീഡിപ്പിച്ചത്.
സ്ത്രീപീഡനക്കേസുകളില്‍ ഇന്ന് ഉദ്ധരിക്കുന്ന നിയമങ്ങളില്‍ പലതും ഇല്ലാതിരുന്ന കാലത്തും അന്ന് വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യപ്പെട്ട കേസായിരുന്നു സൂര്യനെല്ലി. ഒരു പെൺകുട്ടിയെ ഒരു കച്ചവടവസ്തുപോലെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് കൈമാറി കൈമാറി വില്പന നടത്തുകയായിരിരുന്നു ഈ കേസിൽ. പെൺവാണിഭം എന്ന പദം കേരളത്തിലാകെ ചർച്ചയായതും ഈ കേസിലാണ്. സംസ്ഥാനത്ത് ആദ്യമായി ഒരു പ്രത്യേക കോടതി നിലവില്‍ വരുന്നത് സൂര്യനെല്ലി കേസിലാണ്. ഇരയായ പെൺകുട്ടിക്ക് പിൽക്കാലത്തു അവൾ അനുഭവിച്ച ശാരീരികാതിക്രമത്തെക്കാൾ കൊടിയ മാനസികപീഡനങ്ങളാണ് നേരിടേണ്ടിവന്നത്. ഒരു പ്രമുഖ ന്യായാധിപൻ അവളെ'ബാലവേശ്യ' എന്നാണ് വിശേഷിപ്പിച്ചത്. ഇരുപത്തിനാല് വര്‍ഷത്തിനിപ്പുറവും സൂര്യനെല്ലി കേസ് അവസാനിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഐസ്‌ക്രീം പാര്‍ലര്‍ കേസ്
പൊതുമണ്ഡലത്തില്‍ ചര്‍ച്ചയായ മറ്റൊരു സുപ്രധാന കേസായിരുന്നു ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ്. കോഴിക്കോട് ബീച്ചില്‍ പ്രവര്‍ത്തിച്ചിരുന്ന കെ.ആര്‍.എസ് ഐസ്‌ക്രീം പാര്‍ലര്‍ കേന്ദ്രീകരിച്ച് ശ്രീദേവി എന്ന സ്ത്രീയുടെ നേതൃത്വത്തില്‍ നടന്നിരുന്ന സെക്സ് റാക്കറ്റ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പെണ്‍വാണിഭത്തിനായി പ്രേരിപ്പിക്കുന്നു എന്ന വിവരം റൊമീള സുഖ്ദേവ് എന്‍.ജി.ഒയായ അന്വേഷിയെ അറിയിച്ചതോടെയാണ് കേസിന്റെ തുടക്കം.ശേഷം അന്വേഷി നടത്തിയ പരിശോധനയില്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെ, പരാതി നല്‍കുകയും കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുകയും ചെയ്തു. പാര്‍ലറും ശ്രീദേവിയുടെ വീടുമടക്കം റെയ്ഡ് ചെയ്യപ്പെട്ടെങ്കിലും, ആദ്യ ഘട്ടം മുതല്‍ ഉന്നതരുടെ ഇടപെടല്‍ പ്രകടമായിരുന്നു.അന്നത്തെ വ്യവസായ വകുപ്പു മന്ത്രിയും മുന്‍ മേയര്‍ രാജഗോപാലുമടക്കമുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍ ഉള്‍പ്പട്ട കേസില്‍, നിര്‍ബന്ധിത വ്യഭിചാരത്തിലേര്‍പ്പെടേണ്ടിവന്ന റജീന, റോസ്ലിന്‍, ബിന്ദു, റജുല എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് പ്രതിപ്പട്ടിക തയ്യാറാക്കിയത്. ശ്രീദേവി, അബ്ദുല്‍ റഹ്മാന്‍, ടി.പി. ദാസന്‍, രാജഗോപാല്‍ എന്നിവരടക്കമുള്ളവരെ പ്രതിചേര്‍ത്തെങ്കിലും, മൊഴിയിലുള്‍പ്പെട്ട കുഞ്ഞാലിക്കുട്ടിയുടെ പേര് പട്ടികയിലുള്‍പ്പെട്ടില്ല.ഒന്‍പതു വര്‍ഷത്തോളം അന്വേഷിയും അജിതയും പോരാട്ടവുമായി മുന്നോട്ടു പോയെങ്കിലും, പെണ്‍കുട്ടികള്‍ കൂട്ടത്തോടെ മൊഴിമാറ്റിയതിനാല്‍ സുപ്രീംകോടതി കേസ് തള്ളുകയായിരുന്നു. മൊഴിമാറ്റത്തിനു പിന്നിലുള്ള യാഥാര്‍ത്ഥ്യവും മറ്റും പിന്നീട് വെളിപ്പെടുത്തലായി പുറത്തുവന്നെങ്കിലും, വിഷയത്തിന്റെ സാധുത പൊതുജനത്തിനു വ്യക്തമാണെങ്കിലും, ഐസ്‌ക്രീം കേസ് ഇപ്പോള്‍ നിലവിലില്ല.

വിതുര കേസ്
1995ല്‍ നടന്ന സംഭവത്തില്‍, വിതുര സ്വദേശിയായ അജിത എന്ന യുവതി പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. ഒന്നാം പ്രതി സുരേഷിനെയും ചലച്ചിത്ര താരം ജഗതി ശ്രീകുമാറിനെയും കൂടാതെ മുന്‍ അഡ്വക്കറ്റ് ജനറലും മാണി കോണ്‍ഗ്രസ് നേതാവുമായ കെ.സി പീറ്ററും കേസില്‍ ഉള്‍പ്പെട്ടിരുന്നു.പ്രത്യേക കോടതിയില്‍ വാദം നടന്നിരുന്ന കേസില്‍, ആദ്യ ഘട്ടത്തില്‍ തിരിച്ചറിയല്‍ പരേഡ് നടന്നിരുന്നില്ല. പിന്നീട് പെണ്‍കുട്ടിക്ക് തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്ന കാരണം പറഞ്ഞ് മുഴുവന്‍ പ്രതികളെയും വെറുതെ വിടുകയായിരുന്നു. വര്‍ഷങ്ങളോളം നീണ്ടുനിന്ന വാദവും സമ്മര്‍ദ്ദങ്ങളും കൊണ്ടു സഹികെട്ട് വാദത്തിന് ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കിത്തരണമെന്ന് അപേക്ഷിക്കുക പോലും ചെയ്തിരുന്നു പെണ്‍കുട്ടി.ജഗതിയടക്കമുള്ള പ്രതികള്‍ കുറ്റങ്ങള്‍ നിഷേധിക്കുകയല്ല, മറിച്ച് പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിരുന്നോ, സമ്മതത്തോടെയായിരുന്നോ ബന്ധമുണ്ടായത് എന്നിങ്ങനെയുള്ള ചര്‍ച്ചകളിലൂടെ കേസ് പുരോഗമിക്കുകയാണുണ്ടായത്. രാഷ്ട്രീയ-വ്യാവസായിക രംഗത്തെ പ്രമുഖരുടെ ഇടപെടലുണ്ടായ കേസില്‍ എല്ലാവരും കുറ്റവിമുക്തരായതോടെ, പെണ്‍കുട്ടിക്ക് അതിക്രൂരമായി നീതി നിഷേധിക്കപ്പെട്ടു.

കിളിരൂര്‍ കേസ്
2003-2004 കാലഘട്ടത്തില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ച കേസാണ് കിളിരൂര്‍ കേസ്. സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി ഒരു വര്‍ഷക്കാലത്തോളം വിവിധ സ്ഥലങ്ങളില്‍ വച്ചു ബലാത്സംഗത്തിനിരയാക്കി എന്നതാണ് കേസ്. പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി, 2004 ആഗസ്റ്റില്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കിയതിനു ശേഷം അണുബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കേ സ്വകാര്യ ആശുപത്രിയില്‍ വച്ചു മരിച്ചു.ശാരിയുടെ മരണത്തിനു ശേഷമാണ് കേരള രാഷ്ട്രീയത്തെ ഇളക്കിമറിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ കേസിലുണ്ടാകുന്നത്. മരണത്തില്‍ ഒരു വി.ഐ.പിക്ക് പങ്കുണ്ടെന്ന് വി.എസ്. അച്യുതാനന്ദന്‍ അന്ന് പ്രസ്താവിച്ചിരുന്നു. പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ശാരിയുടെ രക്തത്തില്‍ ഇരുമ്പിന്റെ അംശം കൂടുതലായിരുന്നു. ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശാരിയുടെ മാതാപിതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ചികിത്സയിലെ പിഴവിനെക്കുറിച്ച് സി.ബി.ഐ അന്വേഷിച്ചതേയില്ല.ശാരിയുടെ മൊഴി തെളിവായി സ്വീകരിക്കാനാവില്ലെന്നായിരുന്നു കോടതിയുടെ പക്ഷം. മറിച്ച്, ഒന്നാം പ്രതിയും മാപ്പു സാക്ഷിയുമായ ഓമനക്കുട്ടിയുടെ മൊഴിയാണ് പ്രതികള്‍ക്കെതിരെ നിലവിലുള്ളത്. കേസിലെ “വി.ഐ.പി” ആരാണെന്നോ, അയാളുടെ പങ്കെന്താണെന്നോ, ശാരിയുടെ മരണകാരണമെന്താണെന്നോ ഇതുവരെ അന്വേഷണമുണ്ടായില്ല. താഴെത്തട്ടിലുള്ളവര്‍ക്കു മാത്രം കഠിനതടവിനു വിധിച്ച് കോടതിയും ആ കേസിലെ വിസ്താരം പൂര്‍ത്തിയാക്കി.

കവിയൂര്‍ കേസ്
കവിയൂര്‍ ക്ഷേത്രത്തിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന കണ്ണൂര്‍ സ്വദേശികളായ കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യയ്ക്കും മക്കള്‍ക്കും വിഷം നല്‍കിയ ശേഷം ഗൃഹനാഥനായ നാരായണന്‍ നമ്പൂതിരി തൂങ്ങിമരിക്കുകയായിരുന്നെന്ന് പ്രഥമദൃഷ്ട്യാ കണക്കാക്കപ്പെട്ടു.പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അനഘ എന്ന പെൺകുട്ടി ലൈംഗികപീഡനത്തിനിരയായതായി കണ്ടെത്തി.മരണങ്ങള്‍ക്കു പിറകില്‍ ദുരൂഹതയുണ്ടെന്ന് കണ്ടെത്തിയതോടെ, അന്വേഷണങ്ങള്‍ ശക്തിപ്പെട്ടു.സി.ബി.ഐയുടെ അന്വേഷണം തൃപ്തികരമല്ലെന്നും കേസില്‍ പുനരന്വേഷണം വേണമെന്നും കോടതി പലവട്ടം നിരീക്ഷിച്ചെങ്കിലും, പുരോഗതിയൊന്നുമുണ്ടായില്ല. ഓളമടങ്ങിയപ്പോള്‍ എല്ലാവരും മറന്നുപോയ കേസുകളില്‍ ഒന്നുമാത്രമായി കവിയൂര്‍ കേസ് ഒതുങ്ങുകയും ചെയ്തു.

Category